‘ന്യായ് പദ്ധതിയും കോണ്‍ഗ്രസ് ഇന്ത്യയില്‍ നടപ്പിലാക്കും’; തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, September 13, 2022

തിരുവനന്തപുരം/ആറ്റിങ്ങല്‍: ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന്‍റെ മൂന്നാം ദിവസം ആറ്റിങ്ങലിൽ രാഹുൽ ഗാന്ധി തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. തൊഴിലിടം നിശ്ചയിക്കുന്ന ജിയോ ടാഗിംഗ് സംവിധാനം പ്രായോഗികമല്ലെന്നും അതുമൂലം തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും തൊഴിലാളികൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ജിയോ ടാഗിംഗ് സംവിധാനത്തിന്‍റെ പാളിച്ചകൾ തൊഴിലാളികളിൽ നിന്നും രാഹുൽ ഗാന്ധി മനസിലാക്കി. തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലെ ഇന്‍റർനെറ്റ് സേവനത്തിന്‍റെ ലഭ്യത അനുസരിച്ചാആണ് തൊഴിൽ ലഭിക്കുന്നതെന്നും ഇന്‍റർനെറ്റ് ലഭിക്കാത്ത സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അതോടൊപ്പം നിലവിലെ തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ടുവച്ചു.

ഒരു പഞ്ചായത്തിൽ 20 വാർഡുകളിൽ മാത്രമാണ് ഒരു ദിവസം തൊഴിൽ നൽകുവാൻ അനുമതിയുള്ളത്. ഇരുപതിലേറെ വാർഡുകളുള്ള പഞ്ചായത്തുകളിൽ പല വാർഡുകളിലുമുള്ളവർക്ക് തൊഴിൽ നഷ്ടമാകും. ഉത്സവബത്ത ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾക്ക് 100 തൊഴിൽ ദിവസങ്ങൾ എങ്കിലും പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതുമൂലം അത്തരം ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്. തങ്ങളുടെ തൊഴിൽ ദിനങ്ങളും വേതനങ്ങളും നഷ്ടപ്പെടുവാൻ കാരണം കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകളാണ്. അതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയും ക്ഷീരമേഖലയും ഉൾപ്പെടുത്തണമെന്നും തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

തുടർന്ന് സംസാരിച്ച രാഹുൽ ഗാന്ധി രാഷ്ട്ര നിർമിതിയിൽ അവർക്കുള്ള പങ്കിനെ പ്രശംസിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിവച്ചത് കോൺഗ്രസ് ആണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അതിന്‍റെ അടുത്ത ഘട്ടമായി ന്യായ് പദ്ധതിയും ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് തൊഴിലാളികളോട് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി മിനിമം തൊഴിൽ ദിനങ്ങളാണ് ഉറപ്പുവരുത്തിയതെങ്കിൽ ന്യായ് പദ്ധതി മിനിമം വരുമാനം രാജ്യത്തെ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് വാക്കുനൽകി. ന്യായ് പദ്ധതിയുടെ ഗുണങ്ങളെപ്പറ്റി വിവരിച്ച രാഹുൽ ഗാന്ധി തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച മികച്ച അനുഭവമായിരുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ്‌, പി.സി വിഷ്ണുനാഥ് എംഎൽഎ എന്നിവരും ഉണ്ടായിരുന്നു.