കണ്ണൂർ പാർട്ടി ഗ്രാമത്തില്‍ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

കണ്ണൂരിലെ കമ്യുണിസ്റ്റ് പാർട്ടി ഗ്രാമമായ മുഴക്കുന്ന് മണ്ഡലത്തിലെ മുടക്കൊഴി ഉൾപ്പെടുന്ന പ്രദേശത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു.ഇക്കഴിഞ്ഞ ജനുവരി 16ന് ഇവിടെ ചേർന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗത്തിന് നേരെ സി പി എം പ്രവർത്തകർ അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും യോഗം ചേർന്ന് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചത്.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായാണ് മുഴക്കുന്ന് മണ്ഡലത്തിലെ മുടക്കൊഴി മേഖല അറിയപ്പെടുന്നത്.ഇവിടെ ജനുവരി 16ന് ചേർന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗത്തിന് നേരെ സിപിഎം പ്രവർത്തകർ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. സിപിഎമ്മിന്‍റെ അക്രമത്തെ തുടർന്ന് മാറ്റിവെച്ച യോഗമാണ് വീണ്ടും ചേർന്നത്.

സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് സിയുസി രൂപികരണ യോഗത്തിൽ പങ്കെടുത്തത്. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. മുടക്കൊഴി സിയുസി യുടെ പ്രസിഡന്‍റായി സുരേന്ദ്രനെ തെരഞ്ഞെടുത്തു. സുലെഖ, അനിത, താഹിർ, ശാന്ത തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. കോൺഗ്രസ് നേതാക്കളായ കെപി സാജു, കെസി മുഹമ്മദ് ഫൈസൽ, ബൈജു മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

സിപിഎമ്മിന്‍റെ കടുത്ത എതിർപ്പിനെയും മറികടന്ന് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരിച്ച മുടക്കൊഴിയിലെ കോൺഗ്രസ്‌ പ്രവർത്തകർ പോരാട്ടത്തിന്‍റെ പുതുചരിത്രമാണ് രചിച്ചത്. ഇത് മറ്റിടങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കും ആവേശമാകും.

Comments (0)
Add Comment