തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കോൺഗ്രസ്. ഉത്തർ പ്രദേശിലെ റോഡ് ഷോ ഉൾപ്പെടെ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പല തവണ പരാജയപ്പെട്ടവർ മാറി നിൽക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശിച്ചു.
പ്രചാരണ രംഗത്ത് സജീവമാകുന്നതിന് ഇനി സമയം പാഴാക്കാനില്ലെന്ന് ജനറൽ സെക്രട്ടറിമാരുടെ യോഗം വിലയിരുത്തിയിരുന്നു. സ്ഥാനാർഥികൾ , സഖ്യനീക്കങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഈ മാസം തന്നെ തീരുമാനിക്കേണ്ടതുണ്ടെന്നും യോഗം നിർദേശിച്ചിരുന്നു.
ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും 11 ന് ലക്‌നൗവിൽ രാഹുൽ ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തും. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പ്രിയങ്കയും സിന്ധ്യയും പ്രവർത്തകരുമായി നേരിട്ട് ആശയ വിനിമയം നടത്തും.
ഉത്തർപ്രദേശിൽ വേണ്ടിവന്നാൽ മുഴുവൻ സീറ്റുകളിലും തനിച്ച് മൽസരിക്കുമെന്ന് പറഞ്ഞ നേതൃത്വം രാഷ്ട്രീയ ധാരണകളുടെ സാധ്യത തേടുമെന്നും വ്യക്തമാക്കി. വിവിധയിടങ്ങളിലെ സഖ്യങ്ങളെ കുറിച്ചും പ്രചരണ പരിപാടികളെ കുറിച്ചുമെല്ലാം ഏകദേശ ധാരണയായിട്ടുണ്ട്. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ മേൽനോട്ടമുണ്ടാകും.