കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്: മാർച്ച് 13 ന് രാജ്ഭവന്‍ മാർച്ച്; മൂന്ന് മാസം നീളുന്ന പ്രതിഷേധ പരിപാടികള്‍

Jaihind Webdesk
Sunday, February 26, 2023

 

റായ്പുർ: അദാനി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേ
ധത്തിന് ഒരുങ്ങി കോൺഗ്രസ്. മൂന്ന് മാസം നീളുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. അദാനി വിഷയത്തിലെ പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അറിയിച്ചു.

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്ന മാര്‍ച്ച് 13ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാർച്ച് സംഘടിപ്പിക്കും. ഇതിന്‍റെ തുടർച്ചയായി മാര്‍ച്ച് അവസാനത്തോടെ ജില്ലാ തലത്തിലും ഏപ്രില്‍ ആദ്യവാരം സംസ്ഥാന തലത്തിലും റാലികള്‍ സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കും.

ഭാരത് ജോഡോ യാത്രയിലൂടെ ലഭിച്ച ഊര്‍ജത്തിന് റായ്പൂർ പ്ലീനറി സമ്മേളത്തോടെ ഇരട്ടി കരുത്ത് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.  2024 ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.