തെലങ്കാനയില്‍ തലയെടുപ്പോടെ കോണ്‍ഗ്രസ്, ചരിത്ര മുന്നേറ്റം; തകർന്നടിഞ്ഞ് ബിആർഎസ്, അപ്രസക്തമായി ബിജെപി

Jaihind Webdesk
Sunday, December 3, 2023

 

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി ചരിത്രം കുറിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് തേരോട്ടത്തില്‍ ഭരണകക്ഷിയായ ബിആർഎസിന്‍റെ കോട്ടകൊത്തളങ്ങള്‍ തകർന്നടിഞ്ഞു. ബിജെപി ചിത്രത്തിലേ ഇല്ലാതായി. വ്യക്തമായ ലീഡോടെ കോണ്‍ഗ്രസ് കുതിപ്പ് തുടരുകയാണ്. ആകെയുള്ള 119 സീറ്റുകളില്‍ എഴുപതോളം സീറ്റുകളിലാണ് കോണ്‍ഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത്. എന്തായാലും വ്യക്തമായ ഭൂരിപക്ഷത്തോടെ തെലങ്കാനയുടെ മണ്ണില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

അതേസമയം കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തില്‍ നിന്ന് കെ. മുരളീധരന്‍ എംപി എന്നിവരടക്കം അഞ്ചു നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ചു. ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി, കര്‍ണ്ണാടകയില്‍ നിന്നുള്ള ഡോ. അജോയ് കുമാര്‍, കെ.ജെ. ജോര്‍ജ് എന്നിവരാണ് തെലങ്കാനയിലേക്കുള്ള മറ്റു നിരീക്ഷകര്‍. ഇവരുമായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വഴി ചർച്ച നടത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയെ സംസ്ഥാനത്തിന്‍റെ പ്രത്യേക നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ചുമതലപ്പെടുത്തിയിരുന്നു. കെ. മുരളീധരന്‍ എംപിയായിരുന്നു തെലങ്കാനയിലെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍.

സ്ഥാനാർത്ഥി നിർണ്ണയം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസിന്‍റെ ചിട്ടയായ പ്രവർത്തനത്തിനാണ് തെലങ്കാന സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണം ആവേശമാക്കി. കോൺ​ഗ്രസ് തെലങ്കാന അധ്യക്ഷൻ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ബിആര്‍എസിന്‍റെ സിറ്റിംഗ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബിആര്‍എസിന്‍റെ പട്‌നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്‍റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ജനക്ഷേമകരമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ഹിന്ദു വിഭാഗത്തിലെ പെൺകുട്ടികൾക്കു 10 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും ന്യൂനപക്ഷക്കാർക്ക് 1.6 ലക്ഷം രൂപയും വിവാഹസമ്മാനം, വനിതകൾക്കു പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കർഷകർക്ക് പ്രതിവർഷം 15,000 രൂപയുടെ നിക്ഷേപ സഹായം, 4000 രൂപയുടെ സാമൂഹിക പെൻഷൻ, 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവയായിരുന്നു കോണ്‍ഗ്രസിന്‍റെ 6 പ്രധാന വാഗ്ദാനങ്ങൾ. ജനം ഇത് ഏറ്റെടുത്തു എന്നതു തന്നെയാണ് തെലങ്കാനയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിആർഎസിന്‍റെയും കെ. ചന്ദ്രശേഖര റാവുവിന്‍റെയും മൂന്നാമൂഴം എന്ന മോഹത്തെ തകർത്തെറിഞ്ഞാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്.