നാളെയും ചോദ്യം ചെയ്യല്‍ തുടരും; ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Monday, June 20, 2022

ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. നാല് ദിവസം കൊണ്ട് 40 മണിക്കൂറിലേറെയാണ് എന്‍ഫോഴ്സ്മെന്‍റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും.

മുമ്പ് അന്വേഷിച്ച് തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തി ഇഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇതിന് പിന്നില്‍ ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എംപിമാരെ പോലും കായികമായി നേരിടുന്ന രീതിയാണ് പോലീസ് നടപ്പാക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരായ പൊതുവികാരവും കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ അറിയിച്ചു.

അതേസമയം ഇന്നും രാജ്യതലസ്ഥാനം സമാധാനപരവും ശക്തവുമായ കോണ്‍ഗ്രസ് പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്ന നടപടികളാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട എന്ന ശക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ബിജെപിയുടെ ദുര്‍ഭരണത്തിനും പ്രതികാര രാഷ്ട്രീയത്തിനും അഗ്നിപഥ് പദ്ധതിക്കും എതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.