വമ്പന്‍ പ്രഖ്യാപനങ്ങള്‍, ഭാരത് ന്യായ് യാത്ര… തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കരുത്തോടെ ചുവടുവെച്ച് കോണ്‍ഗ്രസ്; നാഗ്പൂരില്‍ മുഴങ്ങിയത് പോരാട്ട കാഹളം

Jaihind Webdesk
Friday, December 29, 2023

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ശക്തമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ്. പാർട്ടിയുടെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞദിവസം നാഗ്പൂരിൽ നടത്തിയത്. ന്യായ് പദ്ധതി അടക്കമുള്ളവ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയോടെ പാർട്ടിയുടെ സംഘടനാ ശൃംഖല വർധിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തു തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ് കോൺഗ്രസ് ഒരുങ്ങുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയും സംഘപരിവാറും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഇനിയും അവര്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യം ഇല്ലാതാവുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ ഇന്നലെ വ്യക്തമാക്കിയത് സംഘപരിവാറിന്‍റെ ശക്തികേന്ദ്രമായ നാഗ്പൂരിൽ വെച്ചാണ് എന്നത് ശ്രദ്ധേയമാണ്. ബിജെപിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിന്‍റെ കാഹളം കൂടിയായി നാഗ്പൂരിലെ മഹാറാലി മാറി.
രാജ്യത്തെ ജനങ്ങളുടേതായ സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് ഇന്നലെ നാഗ്പൂരിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധിയും പറഞ്ഞു. സുപ്രീം കോടതി അടക്കമുള്ള സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ വേണ്ടി അവർ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ന്യായ് പദ്ധതി തിരിച്ചുകൊണ്ടുവരുന്ന പ്രധാനപ്പെട്ട പ്രഖ്യാപനവും മല്ലികാർജുന്‍ ഖാര്‍ഗെ നടത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യായ് പദ്ധതി നടപ്പിലാക്കും. പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്ക് 60,000-70,000 രൂപ ഉറപ്പ് വരുത്തും. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ ലഭിക്കുന്ന തരത്തില്‍ മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ന്യായ്. ജാതി സെൻസസിന് പ്രാധാന്യം നൽകി സംവരണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷിക്കുന്നത് മാസങ്ങൾ മാത്രമാണ്. അതിനിടയിൽ സംഘടനാ ശക്തി മെച്ചപ്പെടുത്തി പാർട്ടിയെ കൂടുതൽ ജനകീയവത്ക്കരിക്കാൻ ആണ് നേതൃത്വത്തിന്‍റെ ലക്ഷ്യം.