ജവഹർ ബാൽ മഞ്ചിന്‍റെ പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; ഡോ. ജി.വി ഹരി പ്രഥമ ദേശീയ ചെയർമാൻ

Jaihind Webdesk
Friday, October 1, 2021

 

ന്യൂഡൽഹി : കഴിഞ്ഞ 14 വർഷക്കാലമായി കെപിസിസിയുടെ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ജവഹർ ബാലജനവേദിക്ക് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരം. ജവഹർ ബാൽ മഞ്ച് എന്ന് പുനഃനാമകരണം ചെയ്താണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്. ഏഴു മുതൽ പതിനേഴ് വയസുവരെയുള്ള കുട്ടികളായിരിക്കും ഇതിലെ അംഗങ്ങൾ.

2007 ൽ രമേശ് ചെന്നിത്തല കെപിസിസി പ്രസിന്‍റായിരിക്കുമ്പോഴാണ് കുട്ടികളുടെ സംഘടനയ്ക്ക് കേരളത്തിൽ രൂപം നൽകുന്നത്. തുടർന്ന് സംസ്ഥാന ചെയർമാനായി നിയമിച്ച ഡോ. ജി.വി ഹരിയുടെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം പച്ചക്കൊടി കാട്ടിയത്. കേരളത്തിൽ ലക്ഷക്കണക്കിന് കുട്ടികളെയാണ് ഇതുവരെ ബാൽ മഞ്ചിന്‍റെ കീഴിൽ പരിശീലിപ്പിച്ചത്. അതിന്‍റെ വിജയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞവർഷം അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജവഹർ ബാൽ മഞ്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.

സംസ്ഥാന ചെയർമാനായിയുന്ന ഡോ.ജി.വി ഹരിയെ തന്നെയാണ് എഐസിസി ദേശീയ ചെയർമാനായി നിയമിച്ചിരിക്കുന്നത്. മികച്ച സംഘാടകനായ ഡോ. ജി.വി ഹരി അധ്യാപകനും കെപിസിസിയുടെ സെക്രട്ടറിയുമാണ്. കോൺഗ്രസിന്‍റെ മാധ്യമ സമിതിയിലും ഡോ. ജി.വി ഹരി അംഗമാണ്. ഇന്ത്യയിലെ തന്നെ മികച്ച പരിശീലകൻ, കുട്ടികളെ സംഘടിപ്പിക്കുന്നതിനുള്ള കഴിവ്, മികച്ച ആശയ വിനിമയത്തിനുള്ള കഴിവ്, എന്നീ ഘടകങ്ങളാണ് ഈ ഉത്തരവാദിത്തം എഐസിസി ഡോ. ജി.വി ഹരിയെ ഏൽപ്പിക്കുന്നതിന് കാരണമായത്.

രമ്യാ ഹരിദാസ് എംപി, എഐസിസി സെക്രട്ടറി കൃഷ്ണാ അലുവാരു, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് എന്നിവരുടെ പിന്തുണയും ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകി.