കണ്ണ് തുറന്ന് കാണൂ സിപിഎമ്മേ; ഇതാണ് കോണ്‍ഗ്രസ്; പുകഞ്ഞ കൊള്ളി പുറത്ത്

Jaihind News Bureau
Thursday, December 4, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നപ്പോള്‍, ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്, കേരള രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ പുതിയ പാഠമാണ്. എന്നാല്‍, സമാനമായ വിഷയങ്ങളില്‍ സിപിഎം സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

പുതിയ പരാതി രേഖാമൂലം വന്ന ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിക്ക് പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയിലെ ഒരാള്‍ക്കും നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പോലും, പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കടുത്ത നടപടി അനിവാര്യമാണ് എന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട്, മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ പോലും മുഖം നോക്കാതെ നടപടി എടുത്തതിലൂടെ, കോണ്‍ഗ്രസ് തങ്ങളുടെ ധാര്‍മ്മികമായ ആര്‍ജ്ജവം തെളിയിച്ചു.

എന്നാല്‍, സിപിഎമ്മിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ മറ്റൊന്നാണ്. സ്വന്തം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങളടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍, പാര്‍ട്ടി സംരക്ഷകരായി മാറുകയാണ്. എം. മുകേഷ് എം.എല്‍.എക്കെതിരെ ഉള്‍പ്പെടെ പൊതുരംഗത്ത് ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സിപിഎം നേതൃത്വം കണ്ണടച്ചു. ആരുടെയും രാജി ആവശ്യപ്പെടുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തില്ല. ഇത്തരം കേസുകളെല്ലാം ‘രാഷ്ട്രീയ ഗൂഢാലോചന’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ്, തെറ്റ് ചെയ്ത സഖാക്കള്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇരകളുടെ നീതിക്ക് പകരം, പാര്‍ട്ടിയിലെ ‘പ്രതികളെ’ സംരക്ഷിക്കുന്ന ധാര്‍ഷ്ട്യമാണിത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, സമാനമായ കേസുകളില്‍ സഖാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന സിപിഎം നേതൃത്വം ഇരട്ടത്താപ്പിന് മറുപടി പറഞ്ഞേ തീരൂ. പൊതുരംഗത്ത് സദാചാരവും മാന്യതയും ആവശ്യമില്ലാത്തവരായി സഖാക്കള്‍ മാറിക്കഴിഞ്ഞോ? ഈ ചോദ്യത്തിന് കേരളത്തിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും.