ചോറ്റാനിക്കരയില്‍ കെ റെയില്‍ സർവേക്കല്ലുകള്‍ പിഴുതെറിഞ്ഞ് കോണ്‍ഗ്രസ്; മടങ്ങി ഉദ്യോഗസ്ഥർ

 

കൊച്ചി : കെ റെയിൽ സർവേക്കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ചോറ്റാനിക്കരയിൽ ഇന്നും പ്രതിഷേധം. ഉദ്യാഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സർവേ നടപടികൾ താത്കാലികമായി നിർത്തിവെച്ച് മടങ്ങി.

രാവിലെ മുതൽ തന്നെ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് തടയാനായി സ്ത്രീകളടക്കമുള്ള സമരസമിതി അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചു. പതിനൊന്ന് മണിയോടെ റോഡരികിലും സമീപത്തെ പാടത്തും സർവേ കല്ലുകൾ സ്ഥാപിച്ചു. കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല. പിന്നീട് വീടുകളിൽ കല്ലുകൾ സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചതോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ തടഞ്ഞു. എന്നാൽ ഇവർക്ക് നേരെ ബലം പ്രയോഗിക്കാൻ പോലീസ് തയാറായില്ല. സർവേ കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്നും എന്ത് വില കൊടുത്തും സർവേ തടയുമെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

സർവേ നടപടികൾ നിർത്തിവെക്കണമെന്ന് ജനക്കൂട്ടം ഒന്നടങ്കം ആവശ്യപ്പെടുകയും സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുകയും ചെയ്തു. തുടർന്ന് സർവേ താത്ക്കാലികമായി നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങി. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരാനാണ് സമരസമിതിയുടെയും കോൺഗ്രസിന്‍റേയും തീരുമാനം.

Comments (0)
Add Comment