ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡിയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കാവല്‍ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രചാരണ റാലി നടക്കാനിരിക്കെ പ്രതിഷേധങ്ങളെ ഭയന്നാണ് കരുതല്‍ തടങ്കല്‍. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തരം നിര്‍ദേശം നല്‍കിയത്.
കോടാങ്ങല്‍ എം.എല്‍.എ കൂടിയായ രേവന്ത് റെഡ്ഡിയെ പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയാണ് പോലീസ് തടങ്കലിലാക്കിയത്. റെഡ്ഡി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ചന്ദ്രശേഖര്‍ റാവുവിന്റെ റാലി ബഹിഷ്കരിക്കണമെന്നും പ്രതിഷേധം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കോടാങ്ങല്‍ മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നും റെഡ്ഡിചൂണ്ടിക്കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി കോടാങ്ങല്‍ അവികസിത പ്രദേശമായി തുടരുകയാണെന്നും റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.