
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തിയ കടന്നാക്രമണങ്ങളിൽ പ്രതിപക്ഷ നേതാവിന് ശക്തമായ പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തി. വർഗീയതയ്ക്കെതിരായ നിലപാടിൽ വി.ഡി. സതീശന് പാർട്ടിയുടെ പരിപൂർണ്ണ പിന്തുണയുണ്ടെന്നും ആര് വിമർശിച്ചാലും അതിനെ പ്രതിരോധിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സജി ചെറിയാന്റെ വിവാദ പ്രസ്താവന സിപിഎം പൂർണ്ണമായും സംഘപരിവാർ അവസ്ഥയിലേക്ക് മാറിയതിന്റെ തെളിവാണ്. ബിജെപി പോലും പറയാത്ത കാര്യങ്ങളാണ് സിപിഎം മന്ത്രി പറയുന്നത്. സാമുദായിക ഐക്യത്തെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും എന്നാൽ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ, സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സഭാ സിനഡ് യോഗത്തിൽ പോയത് എന്തിനായിരുന്നു എന്ന് സുകുമാരൻ നായർ ചോദിച്ചിരുന്നു. സതീശൻ ‘ഇന്നലെ പൂത്ത തകര’യാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. ഈ വ്യക്തിപരമായ അധിക്ഷേപങ്ങളോടാണ് കോൺഗ്രസ് നേതാക്കൾ കൂട്ടായി പ്രതികരിച്ചിരിക്കുന്നത്.