യു.പിയില്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലും ഒറ്റയ്ക്ക് മല്‍സരിക്കും

Jaihind Webdesk
Sunday, January 13, 2019

ന്യൂഡല്‍ഹി: യു.പിയില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ലോക്‌സഭ ശീതകാല സമ്മേളനം കഴിഞ്ഞയുടനെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബിജെപി വിരുദ്ധരുടെ സഹായം നിരസിക്കില്ല എന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ലൗക്‌നൗവില്‍ കൂടിയ പ്രത്യേക യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എസ്പി – ബിഎസ്പി സഖ്യത്തെ തകര്‍ക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പി ചെയ്തതുപോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയല്ല. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.