നിയമസഭാ ഉപതെരഞ്ഞെടുപ്പ് : അരൂര്‍ പിടിക്കാന്‍ താഴേത്തട്ട് മുതല്‍ പ്രവർത്തനം ശക്തമാക്കി യു.ഡി.എഫ്

Jaihind Webdesk
Tuesday, September 24, 2019

നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അരൂർ മണ്ഡലത്തിൽ താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി കോൺഗ്രസ്‌ നേതൃത്വം. എൽ.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷവും മണ്ഡലത്തിൽ യു.ഡി.എഫിന് വിജയ പ്രതീക്ഷ നൽകുന്നു. അതേസമയം എൽ.ഡി.എഫിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തുടക്കം മുതൽ തന്നെ ഭിന്നത രൂക്ഷമായി.

സിറ്റിംഗ് എം.എൽ.എ ആയിരുന്ന എൽ.ഡി.എഫിലെ എ.എം ആരിഫ് ആലപ്പുഴ ലോക്സഭാംഗമായതിനെ തുടർന്നാണ് അരൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 13 വർഷം മണ്ഡലത്തെ പ്രതിനീധീകരിച്ചിരുന്ന എ.എം ആരിഫ് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ വികസന മുരടിപ്പ് തന്നെയാണ് യു.ഡി.എഫ്‌ ഉയർത്തിക്കാട്ടുന്ന പ്രധാന ചർച്ച വിഷയം.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് അരൂർ മണ്ഡലത്തിൽ ലീഡ് ലഭിച്ചതും യു.ഡി.എഫിന് ശുഭ പ്രതീക്ഷ നൽകുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അരൂർ മണ്ഡലത്തിൽ പാർട്ടി താഴേതട്ട് മുതലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആലപ്പുഴ ജില്ലയുടെ ചാർജ് വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു.

അതേസമയം സ്ഥാനാര്‍ത്ഥി നിർണയ ചർച്ചയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ തർക്കം തർക്കം രൂക്ഷമായി. കഴിഞ്ഞ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം എൽ.ഡി.എഫ് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് അരൂർ സീറ്റ്. എന്‍.ഡി.എയിലും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്.

teevandi enkile ennodu para