സോണിയാ ഗാന്ധിക്കെതിരായ പ്രതികാര നടപടി: രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; അറസ്റ്റ് വരിച്ച് നേതാക്കള്‍

Jaihind Webdesk
Thursday, July 21, 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരായ ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പി. പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇഡി ഇന്ന് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയർത്തിയത്. എംപിമാർ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പി ചിദംബരം, ജയ്‌റാം രമേശ്, അശോക് ഗെഹലോട്ട്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് വരിച്ചതായും സമരപരിപാടികള്‍ ശക്തമായി തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് നിരാശാജനകമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.

സോണിയാ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ട്രെയിനുകള്‍ തടഞ്ഞു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാവിലെ നൂറുകണക്കിന് പ്രവർത്തകർ രാജ്ഭവൻ ഉപരോധിച്ചു. ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാവിലെ 10.30 മുതൽ മ്യൂസിയം ജംഗ്ഷനിൽ നിന്നും പ്രകടമായാണ് പ്രവർത്തകർ രാജ്ഭവന് മുന്നിലെത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എം.എം ഹസൻ, ഡിസിസി പ്രസിഡന്‍റ് തമ്പാനൂർ രവി തുടങ്ങിയവർ നേതൃത്വം നൽകി. തമ്പാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയാ ഗാന്ധി വിദ്യുത് ലേനിലെ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയാ ഗാന്ധിയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. 12.30 ഓടെ ആരംഭിച്ച രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സോണിയാ ഗാന്ധി മടങ്ങി.