എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി : പാര്‍ലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി : 7 എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്‍റ് കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കറുത്ത റിബണ്‍ ധരിച്ചാണ് എം.പിമാരുടെ പ്രതിഷേധം. ഡല്‍ഹി കലാപം ചർച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ മാർച്ച് 11 വരെ പിരിഞ്ഞു. ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും ഇന്ന് സ്‍പീക്കറെ കാണും.

ഇന്നലെയായിരുന്നു ഏഴ് കോൺഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡൽഹി കലാപ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് നടപടി. രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ ഗൗരവ്‌ ഗോഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഓജ്‌ല എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.

*File Pic

 

Comments (0)
Add Comment