കാസര്‍ഗോഡ്:വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ നേതാവായിരുന്നു. ഒരു കാലത്ത് ടെലിവിഷന്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തൃക്കരിപ്പൂരില്‍ നിന്നുള്ള കെ.പി.സി.സി അംഗമാണ് അദ്ദേഹം.
കണ്ണൂര്‍ ജില്ലക്കാരനാണെങ്കിലും കാസര്‍കോട് കേന്ദ്രീകരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വരുന്നത്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കെ.പി, ദീര്‍ഘകാലം കാസര്‍കോട് ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോണ്‍ഗ്രസിന് പുതിയ ഊര്‍ജവും ശക്തിയും നല്‍കി. ദീര്‍ഘകാലം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലീഡര്‍ കെ. കരുണാകരന്റെ അടുത്ത അനുയായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്‍ 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന കെ. പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഉദുമ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എം സ്ഥാനാര്‍ഥി പി. രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു. 96ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ തന്നെ മുന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിങ് എം.എല്‍.എയായ പി. രാഘവന് തന്നെയായിരുന്നു വിജയം. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാര്‍ഥി എം. രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.
കേരഫെഡ് ചെയര്‍മാന്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് അംഗം, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍, പയ്യന്നൂര്‍ കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ചാണ് കെ പി കുഞ്ഞിക്കണ്ണന്‍ എന്ന നേതാവ് വിട പറയുന്നത്