കൊലയാളി ഭരണം തുറന്നുകാട്ടി യുഡിഎഫ്; നിയമസഭയിൽ നാടകീയ രംഗങ്ങൾ, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Jaihind News Bureau
Monday, February 2, 2026

സിപിഎം കുറ്റവാളികൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കുന്ന പിണറായി സർക്കാരിന്റെ ക്രിമിനൽ പ്രീണനത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽ ഐതിഹാസികമായ പ്രതിഷേധം ഉയർത്തി. ടി.പി. വധക്കേസ് പ്രതികൾക്കും മറ്റ് പാർട്ടി ക്രിമിനലുകൾക്കും പരോൾ വാരിക്കോരി നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നീതി നിഷേധത്തിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചതോടെ സഭ സ്തംഭിച്ചു. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും, അതുകൊണ്ടാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി കുറ്റവാളികളെ സഹായിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആഞ്ഞടിച്ചു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകൾക്ക് പോലും ഒരു മാസത്തിൽ മൂന്ന് തവണ പരോൾ നൽകുന്ന ക്രൂരമായ അനീതിയാണ് സതീശൻ സഭയിൽ അക്കമിട്ട് നിരത്തിയത്. ടി.പി. കേസിലെ കൊലയാളികൾക്ക് മൂന്ന് വർഷത്തോളം പരോൾ ലഭിച്ചെന്ന ഗൗരവകരമായ സത്യം സഭയിൽ പ്രതിധ്വനിച്ചപ്പോൾ, മറുപടി പറയാനാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയായിരുന്നു. ധീരയായ കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന് സതീശൻ ചോദിച്ചതോടെ സഭ ആവേശത്തിലായി. യുഡിഎഫ് ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഭരണപക്ഷം പതറുന്ന കാഴ്ചയാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.

പ്രതിപക്ഷത്തിന്റെ വസ്തുതാപരമായ ആരോപണങ്ങളിൽ വിറളിപൂണ്ട മന്ത്രി വി. ശിവൻകുട്ടി സഭയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി. ഭരണപക്ഷത്തെ വിരട്ടാൻ നോക്കേണ്ടെന്നും സ്വർണ്ണക്കള്ളന്മാർ സോണിയ ഗാന്ധിയെ കാണാനാണ് പോയതെന്നുമുള്ള മന്ത്രിയുടെ നിലവാരമില്ലാത്ത പരാമർശങ്ങൾ കോൺഗ്രസ് അംഗങ്ങൾ ശക്തമായി നേരിട്ടു. മന്ത്രിമാരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം, സർക്കാരിന്റെ കൊലയാളി രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടം സഭയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. നീതി നിഷേധിക്കുന്ന സ്പീക്കറുടെയും ഭരണപക്ഷത്തിന്റെയും നിലപാടിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തിലും സർക്കാരിനെതിരെയുള്ള സമരം തുടർന്നു.