
അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാതെ ബിജെപി കുപ്രചരണങ്ങൾ നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബിജെപിയുടെ ശ്രമം ബോധപൂർവ്വമാണെന്നും, തങ്ങളുടെ പരാജയഭീതി മറയ്ക്കാനാണ് ബിജെപി ഇത്തരം നുണക്കഥകൾ മെനയുന്നതെന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. പ്രിയങ്കയുടെ നിയമനത്തിൽ അനാവശ്യ വ്യാകുലത പ്രകടിപ്പിക്കുന്ന ബിജെപി ആദ്യം സ്വന്തം പാർട്ടിക്കുള്ളിലെ വിഭാഗീയത പരിഹരിക്കണമെന്നും നേതാക്കൾ തുറന്നടിച്ചു.
രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും നെഹ്‌റു കുടുംബത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്താനുമുള്ള ബിജെപിയുടെ തന്ത്രങ്ങൾ ഇനി കേരളത്തിലോ അസമിലോ ചെലവാകില്ലെന്ന് താരിഖ് അൻവർ എംപി വ്യക്തമാക്കി. രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധി മുൻപും വഹിച്ചിട്ടുണ്ടെന്നും, അസമിൽ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദുഷ്പ്രചരണങ്ങൾ വെറും രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളെ വെട്ടിനിരത്തിയും അപ്രസക്തരാക്കിയും മുന്നോട്ട് പോകുന്ന ബിജെപി മറ്റുള്ളവരുടെ സംഘടനാ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് ഉദിത് രാജ് ആഞ്ഞടിച്ചു. നിതിൻ നവീന്റെ നിയമനം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാണിച്ച്, മുതിർന്നവരെ അവഗണിക്കുന്ന ബിജെപി സംസ്കാരം ആദ്യം തിരുത്താൻ നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ കുതിപ്പിൽ വിറളി പൂണ്ട ബിജെപി സർക്കാർ ജനശ്രദ്ധ തിരിക്കാൻ വേണ്ടി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് വിമർശിച്ചു.