പ്രവർത്തകർക്ക് ആവേശമായി പ്രിയങ്ക വാരാണസിയിൽ; റോഡ്‌ഷോയിൽ വൻ ജനപങ്കാളിത്തം

Thursday, May 16, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വൻ റോഡ്‌ഷോ പ്രവർത്തകർക്ക് ആവേശമായി. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഗേറ്റിൽ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷമായിരുന്നു റോഡ്‌ഷോ ആരംഭിച്ചത്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഗേറ്റിൽ നിന്ന് ആരംഭിച്ച റോഡ്‌ഷോ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും പ്രിയങ്കഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. പ്രിയങ്കയ്ക്ക് അഭിവാദ്യമർപ്പിച്ച് ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർ റോഡിന് ഇരുവശവും അണിനിരന്നു.

നരേന്ദ്ര മോദി വാരാണസിയിൽ റോഡ്‌ഷോ നടത്തി മുന്ന് ആഴ്ചയ്ക്കിപ്പുറമാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് റോഡ്‌ഷോ നടന്നത്. കോൺഗ്രസിന്‍റെ ശക്തിപ്രകടനമായി മാറിയ റോഡ്‌ഷോയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് നരേന്ദ്രമോദി അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി പ്രവർത്തകരോടും പ്രിയങ്ക സംസാരിച്ചു.

ദശാശ്വമേധ് ഘട്ടിലായിരുന്നു റോഡ് ഷോ പ്രിയങ്കാ ഗാന്ധിയുടെ റോഡ്‌ഷോ അവസാനിച്ചത്. പിന്നീട് കാശി വിശ്വനാഥ ക്ഷേത്രത്തിലും കോട്വാലി കാലഭൈരവ ക്ഷേത്രത്തിലും പ്രിയങ്ക പ്രാർത്ഥന നടത്തി.