India Pak Cricket | ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സര്‍ക്കാരിന്റെ ലാഭക്കൊതിയെന്ന് കോണ്‍ഗ്രസ് ; പഹല്‍ഗാം ഇരകളുടെ കുടുംബത്തിന്റെ ദുഃഖം അവഗണിച്ചു; രാഷ്ട്രീയ വാക്‌പോര് മുറുകുന്നു

Jaihind News Bureau
Sunday, September 14, 2025

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് നടക്കാനിരിക്കെ, ഇന്ത്യയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. പഹല്‍ഗാമില്‍ 25 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ചിരവൈരികളായ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാന്‍ അനുവാദം നല്‍കിയതിന് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.

പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളുടെ വേദന നിലനില്‍ക്കുമ്പോഴും, ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ എംപി ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. ‘ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ബിജെപിയുടെ തെറ്റായ മുന്‍ഗണനകളെ തുറന്നുകാട്ടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നിരപരാധികളായ പൗരന്മാര്‍ക്ക് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് . അവരുടെ കുടുംബങ്ങള്‍ ആ ദുരന്തത്തിന്റെ വേദനയില്‍ തുടരുകയാണ്. എന്നിട്ടും ഈ സര്‍ക്കാര്‍ ലാഭത്തിനും വിനോദത്തിനും വേണ്ടി അവരെ അവഗണിച്ചു,’ ഗൊഗോയ് ട്വീറ്റ് ചെയ്തു.

ബിജെപിയില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണ് ഇതിന് കാരണമെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു, ആഭ്യന്തര മന്ത്രി അമിത് ഷാ- ബിസിസിഐ- ബിസിസിഐ പ്രസിഡന്റ് ജയ് ഷാ ബന്ധമാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരില്‍ സ്വജനപക്ഷപാതം അതിരുകടന്നിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. തൃണമൂല്‍ പാര്‍ട്ടി അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മനോജ് തിവാരി മത്സരം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു.

ജയ് ഷായുടെയും അനുരാഗ് താക്കൂറിന്റെയും മക്കള്‍ തീര്‍ച്ചയായും മത്സരം കാണാന്‍ പോകുമായിരിക്കാം, കാരണം അവരുടെ ദേശസ്‌നേഹത്തിന്റെ നിര്‍വചനം വ്യത്യസ്തമാണെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്ത് പറഞ്ഞു, ‘ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി ഈ മത്സരം ടിവിയില്‍ കാണുകയോ സ്റ്റേഡിയത്തില്‍ പോകുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്‍ കായിക മന്ത്രിയും മുന്‍ ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് താക്കൂര്‍, ഐസിസി സംഘടിപ്പിക്കുന്ന ബഹുമുഖ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍, രാജ്യങ്ങള്‍ നിര്‍ബ്ബന്ധമായും പങ്കെടുണമെന്ന് വിശദീകരിച്ചു. എതിര്‍ ടീമിന് പോയിന്റുകള്‍ ലഭിക്കും. എന്നാല്‍ ഇന്ത്യ പാകിസ്ഥാനുമായി ഉഭയകക്ഷി ടൂര്‍ണമെന്റുകള്‍ കളിക്കുന്നില്ല,’ താക്കൂര്‍ വിശദീകരിച്ചു.