ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്. ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.