പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ല; കോടതി വിധിയെ മാനിക്കുന്ന നിലപാടാണ് കോൺഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് എഐസിസി

Jaihind News Bureau
Tuesday, August 4, 2020

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കോടതി വിധിയെ മാനിക്കുന്ന നിലപാടാണ് കോൺഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും എഐസിസി വ്യക്തമാക്കി. നേരത്തെ, രാമക്ഷേത്ര ഭൂമി പൂജക്ക് പ്രിയങ്കഗാന്ധി ആശംസ നേർന്നിരുന്നു. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വേദിയായി മാറട്ടെ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആശംസ. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ ഈ ആശംസയെ ചില കേന്ദ്രങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ നാളെ നടക്കാൻ ഇരിക്കെയാണ് പ്രിയങ്ക ഗാന്ധി ആശംസകൾ നേർന്നത്. ശ്രീരാമന്‍റെയും സീത ദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട് രാമ ക്ഷേത്രത്തിന്‍റെ ഭൂമിപുജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വേദിയായി മാറട്ടെ എന്ന് പ്രിയങ്ക ഗാന്ധി ആശംസിച്ചു. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമൻ എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത്. രാമൻ എല്ലാവരുടെയുമാണ് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

എന്നാൽ പ്രിയങ്ക ഗാന്ധിയുടെ ആശംസയെ ചില കേന്ദ്രങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത് എന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചു. എക്കാലത്തും കോടതി വിധികൾ മാനിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും എ ഐ സി സി വ്യക്തമാക്കി. രാമനെ ഉപയോഗിച്ചു കൊണ്ടുള്ള വർഗീയ വത്കരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് തടയുക മാത്രമാണ് പ്രിയങ്ക ഗാന്ധി ആശംസകൾ നേർന്നത് വഴി ചെയ്തത് എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി.