അത് തിരുപ്പൂരില്‍ നിർമ്മിച്ച ടീ ഷർട്ട്; ഭാരത് ജോഡോയുടെ ജനപിന്തുണയില്‍ ബിജെപിക്ക് വിറളി പിടിച്ചെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, September 11, 2022

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിക്കുന്ന വിദേശ നിർമിത വസ്ത്രമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം തള്ളി കോൺഗ്രസ് നേതാക്കൾ. തിരുപ്പൂരിൽ നിർമിച്ച ടീ ഷർട്ടാണത് എന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി വ്യക്തമാക്കി. കാൽനട യാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20,000 ടീ ഷർട്ടുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിൽ നാലെണ്ണം ഒഴികെയുള്ളവയിൽ നേതാക്കളുടെ ചിത്രം പതിപ്പിക്കുകയും ചെയ്തു. ചിത്രം പതിക്കാത്ത ടീ ഷർട്ടാണ് രാഹുൽ ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

41,000 രൂപയുടെ ടീ ഷർട്ടാണ് രാഹുൽ ധരിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി ഈ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അമിത് ഷായുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് വ്യക്തമാക്കിയത്. രാഹുലിന്‍റെ യാത്ര ഉയർത്തുന്ന ജനകീയ പ്രതികരണത്തിൽ വിറളി പൂണ്ടാണ് ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വസ്ത്രത്തെ കുറിച്ച് സംസാരിക്കാനാണെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്‍റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്‍റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം എന്നും കോൺഗ്രസ് തിരിച്ചടിച്ചു.