‘മോദിയെപ്പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി പാകിസ്ഥാനില്‍ പോയതല്ല’; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 3, 2022

 

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദിയെപ്പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി പാകിസ്ഥാനിലേക്കല്ല അദ്ദേഹം പോയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജെവാല പ്രതികരിച്ചു. നേപ്പാളില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി പോയതെന്നും ഇത് വലിയ കുറ്റകൃത്യം പോലെയാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നവാസ് ഷെരീഫിനൊപ്പം കേക്ക് മുറിക്കാൻ പ്രധാനമന്ത്രി മോദിയെപ്പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി രാഹുൽ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ല. പത്താൻകോട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. രാഹുൽ ഗാന്ധി ഒരു മാധ്യമപ്രവർത്തകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് രാജ്യമായ നേപ്പാളിലേക്ക് പോയി. അതിലൊരു കുഴപ്പവുമില്ല. അത് നമ്മുടെ സംസ്കാരമാണ്. കുറ്റകൃത്യമല്ല. ചിലപ്പോൾ പ്രധാനമന്ത്രിയും ബിജെപിയും ചേർന്ന് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവാഹത്തിൽ പങ്കെടുക്കുന്നത് കുറ്റകൃത്യമായി തീരുമാനിച്ചേക്കാം’- സുർജേവാല പറഞ്ഞു.