ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കോൺഗ്രസ്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാ മൂർത്തിയാണ് ശ്രീരാമൻ. എന്നാല്‍ പ്രതിഷ്ഠാ ചടങ്ങ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി-ആർഎസ്എസ് നേതാക്കൾ ഉപയോഗിക്കുന്നു. ബിജെപി-ആർഎസ്എസ് പരിപാടിയാണ് പ്രതിഷ്ഠാ ചടങ്ങ് എന്ന് വ്യക്തമായതുകൊണ്ടാണ് ക്ഷണം നിരസിക്കുന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചു. മതവിശ്വാസം വ്യക്തിപരമായ വിഷയമാണ്. ബിജെപിയും ആർഎസ്എസും അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് പണി പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അതിനാല്‍ ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നതായി കോണ്‍ഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എഐസിസി വാർത്താക്കുറിപ്പിന്‍റെ പൂർണ്ണരൂപം:
എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ പ്രസ്താവന
10 ജനുവരി 2024
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് ജനുവരി 24-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കഴിഞ്ഞ മാസം ലഭിച്ചിരുന്നു.
നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണ്. പക്ഷേ
ആർഎസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്രത്തിനെ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി. പണി പൂർത്തിയാക്കാത്ത ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ബിജെപിയുടെയും ആർഎസ്എസിന്‍റെയും നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാണ്. പൂർണ്ണമായും ആർഎസ്എസ്-ബിജെപി പരിപാടിയാണെന്ന് വ്യക്തമായതിനാല്‍ 2019-ലെ സുപ്രീം കോടതി വിധിയെയും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടുതന്നെ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ക്ഷണം ആദരപൂർവം നിരസിക്കുന്നു.