ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയാര്‍; പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Saturday, February 25, 2023

റായ്പുർ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് എഐസിസി പ്രസിഡന്‍റ് മല്ലിഖാർജുൻ ഖാർഗെ. ചത്തീസ്ഗഢിലെ റായ്പൂരിൽ കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിൽ സമ്പൂർണ്ണ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയാറാണെന്നും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നില്‍ക്കാന്‍ തയാറുള്ളവരുമായി  സഹകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. പ്ലീനറി സമ്മേളനത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. അതിന്‍റെ ഭാഗമായി ഇഡി പരിശോധനകള്‍ നടത്തി, നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മള്‍ ഒത്തുകൂടിയെന്നും ഭയന്നിരിക്കാന്‍ കോണ്‍ഗ്രസിന് ആകില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തിന്‍റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ സമസ്ത മേഖലകളേയും തകര്‍ത്തു. എല്ലാം  സര്‍ക്കാര്‍ വിറ്റു തുലയ്ക്കുകയാണെന്നും ഗുണകരമായ ഒന്നും തന്നെ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.