കോൺഗ്രസ്‌ പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ; ഫലപ്രഖ്യാപനം 19 ന്

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മല്ലികാർജുൻ ഖാർ​ഗെയും  ശശി തരൂരും തമ്മിലാണ് മത്സരം. 22 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിയിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ പിസിസികളിലും എഐസിസി ആസ്ഥാനത്തും ഭാരത് ജോ‍ഡോ യാത്രയിലും സജ്ജമാക്കിയിട്ടുള്ള പോളിം​ഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. മൊത്തം 67 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥികളുടെ പേര് അച്ചടിച്ച രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെ‌ടുപ്പ്. എഐസിസി, വിവിധ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റികൾ എന്നിവ അം​ഗീകരിച്ച യോ​ഗ്യതയുള്ള 9,308 കോൺ​ഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമാണ് വോട്ടവകാശം.
കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് പോളിം​ഗ് സ്റ്റേഷൻ. ജി. പരമേശ്വര, വി.കെ അറിവഴകൻ എന്നിവരുടെ നേതൃത്വത്തിലാവും ഇവിടെ വോട്ടെടുപ്പ്.

ഏറ്റവും ഒടുവിൽ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്നു കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേരാണ് മത്സരിച്ചത്. സോണിയാ ​ഗാന്ധിയും ജിതേന്ദ്ര പ്രസാദും. 97 ശതമാനം വോട്ട് നേടി അന്നു സോണിയാ ​ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ രാഹുൽ ​ഗാന്ധിയെ ഏകപക്ഷീയമായാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം ബാലറ്റ് പെട്ടികൾ വിമാനമാർ​ഗം ന്യൂഡൽഹിയിലെത്തിക്കും. 19 നാണ് വോട്ടെണ്ണൽ. പുതിയ കോൺഗ്രസ്‌ അധ്യക്ഷനേയും അന്ന് പ്രഖ്യാപിക്കും.

Comments (0)
Add Comment