ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. മൈക്രോ ഫൈനാന്‍സുമായി ബന്ധപ്പെട്ട് ശ്രീജയ്ക്കെതിരെ സിപിഎം ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം ശ്രീജ തിരിച്ചു കൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു ആരോപണം. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് കുടുംബം ആരോപിക്കുന്നു.
രാവിലെ വീട്ടില്‍ വെച്ച് ശ്രീജയെ ആസിഡ് കുടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ സിപിഎം വിമര്‍ശന ഉയര്‍ത്തിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് മേഖലയില്‍ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം മറ്റ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും എഫ്ഐആര്‍ ഇടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ശ്രീജയെ സിപിഎം വ്യക്തിപരമായി വേട്ടയാടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.