Congress| കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം; പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും

Jaihind News Bureau
Wednesday, September 10, 2025

പൊലീസിന്റെ കിരാത കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന്റേതടക്കം കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ജനകീയ സംഗമം സംഘടിപ്പിക്കും.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സമരത്തിന് വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ ജനകീയ പ്രതിഷേധ സദസ്സ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി.യും, മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ കെ. മുരളീധരനും, വിഴിഞ്ഞത്ത് എം.എം. ഹസ്സനും സമരം ഉദ്ഘാടനം ചെയ്യും. കൊല്ലം കൊട്ടാരക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി.യും സമരത്തിന് നേതൃത്വം നല്‍കും.