സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പ്രതികാര നടപടി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, April 16, 2025

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെയുള്ള പ്രതികാര നടപടിയില്‍ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധിയ്ക്കും.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഗാന്ധി കുടുംബത്തെ ലക്ഷ്യമിടുന്നുവെന്നും അതിനെതിരെ പാര്‍ട്ടി ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിയ്ക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറേക്ടേറ്റുകള്‍ക്ക് മുമ്പിലാണ് രാജ്യവ്യാപക പ്രതിഷേധം. നാഷണല്‍ ഹെറാള്‍ഡ് കേസിലെ രാഷ്ട്രീയ വേട്ടയാടലിനും ഭീഷണിക്കുമെതിരെ ശക്തമായി പോരാടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി പറഞ്ഞു. സത്യം ജയിക്കുമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

അതേസമയം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസെന്നും ഇഡി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഷ്ട്രീയ വേട്ടയാടലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.