കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; തൊടുപുഴ എസ്ബിഐയിലേക്ക് പ്രതിഷേധ മാർച്ച്

Jaihind Webdesk
Monday, February 6, 2023

 

ഇടുക്കി: രാക്ഷസ ഭരണം നടത്തുന്ന നരേന്ദ്ര മോദി-പിണറായി വിജയൻ സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റുകൾക്കെതിരെയും അദാനിക്കായി പൊതു മേഖലാ സ്ഥാപനങ്ങൾ തീറെഴുതുന്ന കേന്ദ്രസർക്കാര്‍ നിലപാടിനുമെതിരെ കോൺഗ്രസ് നേതൃത്വത്തിൽ തൊടുപുഴ എസ്ബിഐയിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു മാർച്ചിന് നേതൃത്വം നൽകി.

എസ്ബിഐ പോലുള്ള പൊതു മേഖലാ ബാങ്കുകളെയും എൽഐസി പോലുള്ള സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി അദാനിക്ക് വളരാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന മോദി സർക്കാർ ചെയ്യുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് റോയി കെ പൗലോസ് പറഞ്ഞു. ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ തൊടുപുഴ എസ്ബിഐയിലേക്ക് നടത്തിയ മാർച്ച് ഉൽദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊടുപുഴ രാജീവ് ഭവനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ചിന് ജാഫർ ഖാൻ മുഹമ്മദ്, എൻ.ഐ ബെന്നി, എം.കെ പുരുഷോത്തമൻ, നിഷാ സോമൻ, എ.എം ദേവസ്യ എന്നിവർ നേതൃത്വം നൽകി. ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമ്മേളനത്തിൽ ജോൺ നെടിയപാല, ഇന്ദു സുധാകരൻ, ജിജി അപ്രേം തുടങ്ങിയവർ പ്രസംഗിച്ചു.