തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്‍റെ പണിയിൽ സൂത്രപ്പണിയുമായി കരാറുകാർ. റോഡിന്‍റെ വശങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ കരിങ്കല്ല് കെട്ടി ഉയർത്തുന്നതിന് പകരം മണൽ നിറച്ച ചാക്കിന് മുകളിൽ സിമന്‍റ് വച്ച് പ്ലാസ്റ്റർ ചെയ്താണ് അശാസ്ത്രീയ നിർമ്മാണം. തുരങ്കത്തിന്‍റെ നിർമ്മാണം നിലച്ചതിനെതുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും സമയബന്ധിതമായി പണി നടത്താൻ കർശന നിർദേശം നൽകുകയും ചെയ്തതിന് ശേഷമാണ് കമ്മീഷനെയും പരാതിക്കാരെയും കബളിപ്പിച്ചുള്ള പണി നടത്തുന്നത്. വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു.
തൃശൂർ-പാലക്കാട് ദേശീയപാതയുടെ ഭാഗമായ കുതിരാൻ തുരങ്കത്തിന്‍റെ പണി ഏറെക്കാലമായി നിലച്ചിരിക്കുകയാണ്. കുതിരാനിൽ മണ്ണിടിച്ചിലും ഗതാഗത കുരുക്കും നിർലോഭം തുടരുമ്പോഴാണ് തുരങ്കം മുഖത്ത് കരാറുകാരുടെ അശാസ്തീയമായ നിർമ്മാണ പ്രവർത്തനം. റോഡിന്‍റെ വശങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ വശങ്ങളിൽ കരിങ്കല്ല് കെട്ടി ഉയർത്തുന്നതിന് പകരം കുറച്ച് മാത്രം കല്ലുകൊണ്ട് കെട്ടി ബാക്കി മണൽ നിറച്ച ചാക്ക് അട്ടിയിട്ട് അതിനു മുകളിൽ സിമന്‍റ്-മണൽ മിശ്രിതം പ്ലാസ്റ്റർ ചെയ്താണ് കരാറുകാരുടെ സൂത്രപ്പണി. ശക്തിയായി മഴ പെയ്താൽ ഇത് ഒന്നാകെ ഇടിഞ്ഞിറങ്ങും. അതോടെ നിലവിലുള്ള മണ്ണിടിച്ചിലും ശക്തമാകും.
കുതിരാൻ തുരങ്ക നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തിൽ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും സമയബന്ധിതമായി പണി നടത്താൻ കരാർ കമ്പനിക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. കമ്മീഷൻ നിർദേശം വന്നതിന് പിന്നാലെ കല്ലുകൊണ്ട് അടിയിൽനിന്ന് കെട്ടിത്തുടങ്ങിയെങ്കിലും പിന്നീട് അത് നിർത്തിവെച്ചു. അതിന് ശേഷമാണ് മണൽച്ചാക്കുകൊണ്ടുള്ള പ്രയോഗം തുടങ്ങിയത്. എന്നാൽ അശാസ്തീയമായ നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിതേഷധവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. മണൽചാക്ക് ഉപയോഗിച്ചുള്ള കള്ളപ്പണി നിർത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൻ സെക്രട്ടറി അഡ്വ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
മണൽചാക്കിൽ സിമന്‍റ് തേച്ചുള്ള കെ.എം.സി. കമ്പനിയുടെ ഭിത്തി നിർമ്മാണം ചൂണ്ടിക്കാട്ടിയും തുരങ്കത്തിന്‍റെ പണി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുവാനുംള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കഴിഞ്ഞ ദിവസം കത്ത് നൽകി.