പിണറായി സർക്കാരിന്‍റെ വാർഷികത്തിന്‍റെ പേരില്‍ ജില്ലാ സ്‌റ്റേഡിയം ഉപയോഗശൂന്യമാക്കിയതില്‍ കോൺഗ്രസ് പ്രതിഷേധം

Wednesday, May 11, 2022

പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന വ്യാപാര മേളയുടെ വേദിയെ ചെല്ലി വിവാദം. ജില്ലാ സ്‌റ്റേഡിയം ഉപയോഗശൂന്യമാക്കിയതായി ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു.

കായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട ജില്ലാ സ്റ്റേഡിയം പാർട്ടി പരിപാടികൾക്ക് വേദിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിച്ചത്. മഴവെള്ളം ഭൂമിക്കടിയിലുടെ ഒഴുക്കി കളയാൻ ഉള്ള സംവിധാനമടക്കം ആധുനീക രീതിയിൽ നിർമ്മിച്ച സ്റ്റേഡിയവും ട്രാക്കും ഭാര വാഹനങ്ങൾ കയറ്റി ഉപയോഗശൂന്യമാക്കിയതായി കൗൺസിലർമ്മാരുടെ ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ്  പ്രെഫ സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു.

കായിക ഇതര പരിപാടികൾക്ക് വിട്ടുനൽകരുതെന്ന് കൗൺസിൽ തീരുമാനം നിലനിൽക്കെ എംജി യൂണിവേഴ്സിറ്റി കലോത്സവം ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം തുടങ്ങിയ പരിപാടികൾക്കും സ്റ്റേഡിയം വിട്ടു നൽകിയിരുന്നു. മുൻ കൗൺസിലിന്‍റെ കാലത്ത് സ്റ്റഡിയത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ച് ട്രാക്കിന് കേട് പാടുകൾ വരുത്തിയതായി ആരോപിച്ച് 7.5 ലക്ഷം രൂപ പഴ ചുമത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. സ്റ്റഡിയം കായിക ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ചെയർമാൻ സക്കീർ ഹുസൈൻ നരസഭാ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ച് രണ്ട് മാസം കഴിയുന്നതിന് മുൻപായി മൂന്ന് പൊതു പരിപാടികൾക്കാണ് സ്റ്റേഡിയം വിട്ടുനൽകിയത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവിടെ കായിക താരങ്ങൾ നടത്തിവന്ന പരിശീലനവും മുടങ്ങി. ഈ മാസംമുതൽ 17 വരെ നീളുന്ന വ്യാപാര മേള ഇന്ന് ആരംഭിക്കും.