മൊഫിയയുടെ മരണം : കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Jaihind Webdesk
Thursday, November 25, 2021

കൊച്ചി : ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ കോൺഗ്രസ് പ്രതിഷേധം ശക്തം. ആലുവ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹൈബി ഈഡന്‍ എം.പി അടക്കമുള്ളവര്‍ക്കുനേരെയായിരുന്നു ജലപീരങ്കി പ്രയോഗം.

അതേസമയം സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന സമരം തുടരുന്നു. സിഐ സി.എല്‍ സുധീറിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെതിരെയാണ് പ്രതിഷേധം.ോബെന്നി ബെഹ്നാന്‍ എം.പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരം സര്‍ക്കാരിനെതിരാക്കി മാറ്റുമെന്ന് ബെന്നി ബെഹ്നാന്‍ പറഞ്ഞു. മോഫിയയ്ക്ക് പൊലീസ് നീതി നിഷേധിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ സമരസ്ഥലത്തേക്ക് മോഫിയയുടെ ഉമ്മ എത്തി. സിഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി. സിഐയ്ക്ക് സ്റ്റേഷന്‍ ചുമതല നല്‍കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിനു മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും എംഎല്‍എ വ്യക്തമാക്കി.