ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തം ; സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി കോണ്‍ഗ്രസ്

Thursday, July 29, 2021

തിരുവനന്തപുരം : കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. തലസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്കായിരുന്നു മാർച്ച്. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിർവ്വഹിച്ചു.

കൊല്ലത്ത് കളക്ടറേറ്റ് മാർച്ച്  യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. മാർച്ച് കളക്ടറേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ  പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റ്  ഉദ്ഘാടനം ചെയ്തു.  മലപ്പുറത്തെ പ്രതിഷേധം ഡിസിസി അധ്യക്ഷൻ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം ഡിസിസി പ്രസിഡൻ്റ്  സതീശൻ പാച്ചേനി  ഉദ്ഘാടനം ചെയ്തു. മേയർ ടി.ഒ മോഹനൻ, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നൽകി.

പത്തനംതിട്ടയിലെ മാർച്ച് കളക്ടറേറ്റിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നടന്ന പ്രതിഷേധയോഗം അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അധ്യക്ഷന്‍ ബാബു ജോർജ്ജ് അധ്യക്ഷത വഹിച്ചു.