
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി രാഷ്ട്രപിതാവിനെ തമസ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എ.ഐ.സി.സി ആഹ്വാനപ്രകാരം വിവിധ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിച്ചു.
കൊച്ചിയില്‍ കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ സായാഹ്നം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ദാരിദ്ര്യമകറ്റുന്ന പദ്ധതിയെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയ പദ്ധതികളെല്ലാം ബി.ജെ.പി ഇല്ലാതാക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പോരടിച്ച് തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാത്മാവിനെ ഇകഴ്ത്താനുള്ള സംഘപരിവാര്‍ നീക്കമാണ് പേര് മാറ്റത്തിന് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ടി.ജെ വിനോദ് എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊച്ചിയില്‍ പങ്കെടുത്തു.
പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം
പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ഗാന്ധി സ്‌ക്വയറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ. അറിവഴകന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, പി. മോഹന്‍ രാജ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ഗാന്ധി നിന്ദയ്ക്കെതിരെ അതിശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ മാര്‍ച്ചും ധര്‍ണ്ണയും
ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. രാജീവ് ഭവനില്‍ നിന്ന് ഗാന്ധി സ്‌ക്വയറിലേക്ക് നടന്ന മാര്‍ച്ചിന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു നേതൃത്വം നല്‍കി. പദ്ധതിയുടെ സ്വഭാവം തന്നെ മാറ്റുന്ന കേന്ദ്ര നീക്കം ഗ്രാമീണ മേഖലയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഭാരവാഹികളും മാര്‍ച്ചില്‍ അണിനിരന്നു.

പേരാമ്പ്രയിൽ ഗാന്ധി ചിത്രങ്ങളുമായി പ്രതിഷേധം
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ചിത്രങ്ങൾ വഹിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധിയെ ചരിത്രത്തിൽ നിന്നും ജനമനസ്സുകളിൽ നിന്നും ഇല്ലാതാക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണൻ, രാജൻ മരുതേരി, പി.കെ. രാഗേഷ്, പി.എം. പ്രകാശൻ, മനോജ് എടാണി തുടങ്ങി പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.

ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ പദ്ധതിയെ തകര്‍ക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കുല്‍സിത ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.