പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ അണിനിരന്ന് പതിനായിരങ്ങൾ. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് കോൺഗ്രസ്സ് നേതാവ് പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ബിജെപി ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തകർത്തുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. എൻ.പി.ആർ നടപ്പിലാക്കുന്നത് എൻ.ആർ.സി നടപ്പിലാക്കാനാണ്, സുപ്രീം കോടതി ഈ നിയമത്തെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഇന്ത്യയെ മതാടിസ്ഥാനമാക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് എന്തെങ്കിലും നേടാനാകുമെന്ന് ആരും കരുതേണ്ടെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രാജ്യത്തെ യുവാക്കൾ കൂട്ടത്തോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശത്രുതമനോഭാവത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് കെ.പി.സി സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. രാജ്യത്ത് മോദി സർക്കാർ ഭീതി പടർത്തുകയാണ്. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് സ്വാതന്ത്രം നേടിയെടുത്തത് പോലെ വീണ്ടും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.