സിഒടി നസീർ വധശ്രമക്കേസിൽ എ.എൻ ഷംസീറിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

സിഒടി നസീർ വധശ്രമക്കേസിൽ എ.എൻ ഷംസീർ എംഎൽഎയ്ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി നാളെ തലശ്ശേരിയിൽ ഉപവസിക്കും. ഇതിനിടെ സിഒടി നസീറിനെ അക്രമിച്ച സംഭവത്തിൽ പാർട്ടി എംഎൽഎ പ്രതിക്കൂട്ടിലാകുമ്പോഴും സിപിഎം കണ്ണൂർ നേതൃത്വം കാര്യമായ പ്രതിരോധം ഉയർത്താത്തത് ചർച്ചയാവുന്നു.

ഇക്കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് വടകരയിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിക്കുന്നത്. അക്രമത്തിൽ പ്രതികളായ എല്ലാവരും സിപിഎം പ്രവർത്തകരാണ്. തന്നെ അക്രമിച്ചതിന് പിന്നിൽ തലശ്ശേരി എംഎൽഎയുടെ അറിവോടെയാണന്ന സിഒടി നസീറിന്‍റെ മൊഴിയാണ് സിപിഎമ്മിന് അകത്ത് ചർച്ചയായിട്ടുള്ളത്. അക്രമത്തെ കുറിച്ച് പൊലീസിന് അന്വേഷണത്തിന് സമാന്തരമായി പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചു.

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കാര്യമായ ചലനങ്ങൾക്ക് വഴിവക്കുന്നതാണ് കേസും പാർട്ടിയുടെ അന്വേഷണവും. അതിനിടെ എ.എൻ ഷംസീറിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. എംഎൽഎ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നാളെ തലശ്ശേരിയിൽ ഉപവാസ സമരം നടത്തും. കെ.സുധാകരൻ, കെ.മുരളീധരൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ സമരവേദിയിലെത്തും.

ഷുഹൈബ് വധത്തിൽ പോലും വലിയ പ്രതിരോധം തീർത്ത കണ്ണൂർ നേതൃത്വം പക്ഷെ, ഷംസീറിനെതിരായ ആരോപണങ്ങളെ തൊടാൻ മടിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിഒടി നസീർ അക്രമിക്കപ്പെട്ടവേളയിൽ പാർട്ടി നിലപാടുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി ഷംസീറിന്‍റെ പേര് സിഒടി നസീറിന്‍റെ മൊഴിയിൽ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇതിന് എതിരെ സിഒടി നസീർ രംഗത്ത് വന്നത് മമുഖ്യമന്ത്രിക്ക് തിരിച്ചടിയായി

COT NaseerAN Nazeerattacked
Comments (0)
Add Comment