തിരുവനന്തപുരം : തൊഴിലാളി വർഗത്തെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്ഷേമ പെൻഷൻ നിശ്ചയിക്കുന്നതിൽ പോലും സർക്കാരിന് രാഷ്ട്രീയ താൽപര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതിഭീകരതയ്‌ക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജനങ്ങളിൽ അമിത നികുതി ഭാരം അടിച്ചേൽപിക്കുന്ന സർക്കാർ നടപടിക്കെതിരെയായിരുന്നു കോൺഗ്രസ് ധർണ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനോ വിലക്കയറ്റം നിയന്ത്രിക്കാനോ കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ നിർദ്ദേശങ്ങൾ ഇല്ലാത്തതിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ഉള്ള നിർദേശങ്ങളൊന്നും തന്നെ കേന്ദ്ര-സംസ്ഥാന ബജറ്റുകളില്ല. ധനകാര്യ മാനേജ്മെന്‍റ് എന്താണെന്ന് ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അറിയില്ല. സംസ്ഥാനത്ത് ട്രഷറികൾ അടച്ചു പൂട്ടുന്ന അവസ്ഥയാണുള്ളത്. ധനമന്ത്രി തോമസ് ഐസക് വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പാവപ്പെട്ടവരെ വിസ്മരിച്ച പിണറായി സർക്കാരിന് തൊഴിലാളി വർഗത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാവങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പിക്കുകയാണ് സർക്കാര്‍ ചെയ്യുന്നത്. ക്ഷേമ പെൻഷൻ നിശ്ചയിക്കുന്നതില്‍ പോലും രാഷ്ട്രീയ താൽപര്യമാണ് കാണിക്കുന്നത്. അനർഹരെ കുത്തിനിറച്ച് അർഹരെ പുറത്താക്കി. ഇപ്പോഴും ലൈഫ് പദ്ധതിയിലൂടെ പതിനായിരങ്ങൾക്ക് വീട് ലഭിക്കാനുണ്ട്. നാല് വർഷം കൊണ്ട് കേരളീയരെ പിണറായി സർക്കാർ ഒന്നര ലക്ഷം കോടിയുടെ കടക്കാരാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പള്ളിപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, പാലോട് രവി തുടങ്ങിയവരും ധർണയിൽ പങ്കെടുത്തു.