ഇന്ധനവില വര്‍ധനവും വൈദ്യുതി ചാര്‍ജ് കൊള്ളയും; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

Jaihind News Bureau
Tuesday, June 16, 2020

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണ നടക്കും.

തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നില്‍ രാവിലെ 10ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം, ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കുന്നത്.

കെ.പി.സി.സി,ഡി.സി.സി,ബ്ലോക്ക്,മണ്ഡലം ഭാരവാഹികളും എം.പിമാര്‍,എം.എല്‍.എമാര്‍,പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. വീടുകള്‍ക്ക് മുന്നില്‍ പ്രതീകാത്മകമായി വൈദ്യുതി ബില്ല് കത്തിച്ചുള്ള വീട്ടമ്മമാരുടെ പ്രതിഷേധം 19-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നടക്കും.