വൈദ്യുതി ചാര്‍ജ് കൊള്ള: പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ട്, വീട്ടമ്മമാരുടെ നേതൃത്വത്തില്‍ വൈദ്യുതി ബില്ല് കത്തിക്കല്‍ സമരം ഇന്ന്

Jaihind News Bureau
Friday, June 19, 2020

കൊവിഡിന്‍റെ മറവിലെ വൈദ്യുതി ചാര്‍ജ് കൊള്ളക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീടുകള്‍ക്ക് മുന്നില്‍ പ്രതീകാത്മകമായി വീട്ടമ്മമാരുടെ ബില്ല് കത്തിക്കല്‍ സമരം ഇന്ന്നടക്കും.  പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി അമിത വൈദ്യുതി ബില്ലില്‍ നേരിയ മാറ്റം വരുത്തിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സബ്‌സിഡിയെന്ന പേരില്‍ ചില കണക്കിലെ കളികളാണ് ഇപ്പോള്‍ അമിത വൈദ്യുതി ബില്ല് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയത്. ഫിക്‌സഡ് ചാര്‍ജും ഫ്യൂയല്‍ സര്‍ചാര്‍ജും കുറയ്ക്കാനും തയ്യാറായില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഒരുവരുമാനവും ഇല്ലാതെ സാമ്പത്തികമായി പ്രയാസപ്പെട്ട വിഭാഗങ്ങള്‍ക്ക് നാമമാത്രമായ ഇളവാണ് ഇതിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം ബി.പി.എല്‍ കാര്‍ഡുകാരുടെ മൂന്ന് മാസത്തെ വൈദ്യുതി ബില്ല് സൗജ്യമാക്കണം, എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി ബില്ലിന്റെ 30 ശതമാനം ഇളവ് നല്‍കണമെന്നാണ്. ഇത് നേടിയെടുക്കും വരെ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.