ലഖിംപുർ സംഭവം: കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കണം ; മൗനവ്രത പ്രക്ഷോഭവുമായി കോൺഗ്രസ്

Jaihind Webdesk
Sunday, October 10, 2021

ലഖിംപുരിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കാറോടിച്ചു കയറ്റി കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരേ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്. രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതേവരെ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയോ സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ അജയ്മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കും.

ഒക്ടോബർ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിർന്ന നേതാക്കളും, എം പിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരാൻ നിർദേശം നൽകിയതായി സംഘടനാ ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചു.