കോണ്‍ഗ്രസ് പ്രസിഡന്‍റിനെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

Jaihind Webdesk
Wednesday, October 19, 2022

ന്യൂഡൽഹി: കോൺ​ഗ്രസ് പ്രസിഡന്‍റിനെ ഇന്നറിയാം. രാവിലെ 10 മണിയോടെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. രണ്ട് മണിയോടെ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാർ മധുസൂദൻ മിസ്ത്രി അറിയിച്ചു. കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയും കേരളത്തിൽ നിന്ന് ശശി തരൂരും തമ്മിലായിരുന്നു മത്സരം.

തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന 68 ബൂത്തുകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്നു രാവിലെ പത്തു മണിക്കു പുറത്തെടുക്കുന്ന പെ‌ട്ടികൾ സ്ഥാനാർത്ഥികളുടെയും അവരുടെ പോളിം​ഗ് ഏജന്‍റുമാരുടെയും സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തും. പിന്നീട് പെട്ടികൾ തുറന്ന് വോട്ടുകൾ മുഴുവൻ ഒരുമിച്ചു കൂട്ടിക്കലർത്തും. ഇതിലൂടെ ഒരോ സംസ്ഥാനത്തുനിന്നും ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാൻ കഴിയാതാവും. സുതാര്യതയും കെട്ടുറപ്പും ഉറപ്പ് വരുത്താനാണ് ഈ ന‌ടപ‌ടി. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആറു ടേബിളുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.  138 വർഷത്തെ ചരിത്രത്തിനിടെ ആറാമത്തെ വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. 1939ൽ ​ഗാന്ധിജി നിർദേശിച്ച പട്ടാഭി സീതാരാമയ്യയെ നേതാജി സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാണ് കോൺ​ഗ്രസ് ചരിത്രത്തിലെ ആദ്യത്തെ തുറന്ന മത്സരം. 1950ൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു നിർദേശിച്ച ആചാര്യ കൃപലാനിയെ സർദാർ വല്ലഭ് ബായി പട്ടേൽ നിർദേശിച്ച പുരുഷോത്തം ദാസ് ടണ്ടൻ പരാജയപ്പെടുത്തി. 1977 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.കെ ബറുവ രാജിവെച്ച ഒഴിവിൽ ത്രികോണ മത്സരമാണ് നടന്നത്. അന്നു സിദ്ധാർഥ ശങ്കർ റേ, കരൺ സിം​ഗ് എന്നിവരെ പരാജയപ്പെടുത്തി കെ. ബ്രഹ്മാനന്ദ റെഡ്ഡി പാർട്ടി പ്രസിഡന്‍റായി. 1997ലും ത്രികോണ മതസരമായിരുന്നു. സീതാറാം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. പിന്നാക്ക വിഭാ​ഗത്തിൽ പെട്ട സീതാറാം കേസരി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയിൽ അവസാനം വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്ന് സോണിയ ​ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദാണ് മത്സരിച്ചത്. വൻഭൂരിപക്ഷത്തോടെ സോണിയാ ​ഗാന്ധി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

22 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന തെരഞ്ഞെടുപ്പ് ഏവരും ആവേശത്തോടെയാണ് ഏവരും സ്വീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്‍റെ 98-ാമത്തെ പ്രസിഡന്‍റിനെ ഇന്നറിയാനാകും. ഇതുവരെ 87 പേരാണ് പാർട്ടി അധ്യക്ഷന്മാരായിട്ടുള്ളത്. പത്തു പേർ ഒന്നിലധികം തവണ പ്രസിഡന്‍റുമാരായിട്ടുണ്ട്.