കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സ്വാതന്ത്ര്യദിന സന്ദേശം

Jaihind Webdesk
Monday, August 15, 2022

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ 75 വർഷക്കാലമായി ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ജനാധിപത്യപരമായും ഭരണഘടനാപരമായും ന്യായവും സുതാര്യവുമായ തെരഞ്ഞെടുപ്പ് രീതികൾ രാജ്യത്തെ ദീര്‍ഘവീക്ഷണമുള്ള നേതാക്കളിലൂടെ നടപ്പിലാക്കി. സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗ സ്മരണകളെയും ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

സോണിയാ ഗാന്ധിയുടെ സ്വാതന്ത്ര്യദിന സന്ദേശം

കഴിഞ്ഞ 75 വർഷമായി, ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും അന്തർദേശീയ തലങ്ങളിൽ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത മതിപ്പ് സൃഷ്ടിച്ചു. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തി. ദീർഘവീക്ഷണമുള്ള നേതാക്കളുടെ നേതൃത്വത്തിൽ സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കി.

കഴിഞ്ഞ 75 വർഷത്തിനിടയിൽ നിരവധി നേട്ടങ്ങൾ നാം കൈവരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഏകാധിപത്യസര്‍ക്കാര്‍ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും രാജ്യത്തിന്‍റെ മഹത്തായ നേട്ടങ്ങളെയും വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി ചരിത്ര വസ്തുതകളെ വളച്ചൊടിക്കാന്‍ അനുവദിക്കില്ല.  ഗാന്ധി-നെഹ്‌റു-പട്ടേൽ-ആസാദ് ജിയെപ്പോലുള്ള മഹത്തായ ദേശീയ നേതാക്കളെ അസത്യത്തിന്‍റെ അടിസ്ഥാനത്തിൽ വിചാരണ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി എതിർക്കും. ഒരിക്കല്‍ കൂടി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകളും ശോഭനമായ ജനാധിപത്യ ഭാവിയും നേരുന്നു.