ലോക്ഡൗൺ: ദിവസവേതന തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധി കത്തയച്ചു

Jaihind News Bureau
Tuesday, March 24, 2020

ന്യൂഡൽഹി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ  പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നിർമാണമേഖലയിലെ തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും സോണിയാ ഗാന്ധി  ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് ബാധയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്ന് കാനഡ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും വേതന സബ്‌സിഡി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സോണിയ ഗാന്ധി, നിർമാണ തൊഴിലാളികൾക്കായി അടിയന്തര വേതനം ലഭ്യമാക്കാനായി സംസ്ഥാന സർക്കാരുകളോടും ക്ഷേമബോർഡുകളേടും നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

2019 മാർച്ച് 31 വരെ 49,688 കോടി രൂപയാണ് വേതനക്ഷേമ ബോർഡുകൾ സ്വരൂപിച്ചത്. എന്നാൽ ഇതിൽ 19,379 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.മറ്റു മാർഗങ്ങളില്ലാത്തതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികൾ വലിയ കഷ്ടത അനുഭവിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.