ചികിത്സ പൂർത്തിയായി; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് മടങ്ങി

Jaihind Webdesk
Friday, July 19, 2024

 

മലപ്പുറം: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ മാസം 5-നാണ് അദ്ദേഹം കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യരുടെ നേതൃത്വത്തിലായിരുന്നു 14 ദിവസത്തെ ചികിത്സ.

കഴിഞ്ഞ ദിവസങ്ങളിലായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പന്തളം സുധാകരൻ, പാണകാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. വൈകിട്ട് കരിപ്പൂരിൽ നിന്നും ബംഗളുരുവിലേക്കാണ് മല്ലികാർജുൻ ഖാർഗെ മടങ്ങിയത്. എം.കെ. രാഘവൻ എംപി, എ.പി. അനിൽകുമാർ എംഎൽഎ, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയി, ജയ് ഹിന്ദ് ടിവി എംഡി ബി.എസ്. ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യർ മല്ലികാർജുൻ ഖാർഗെക്ക് സമ്മാനിച്ചു. ആര്യവൈദ്യശാല സിഇഒ കെ. ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.