കേന്ദ്രത്തിനെതിരെ സമരപരമ്പരയ്ക്കൊരുങ്ങി കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്; ഏപ്രില്‍ അഞ്ചിന് കൂറ്റന്‍ റാലി

Jaihind Webdesk
Tuesday, March 28, 2023

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ തുടർ പ്രക്ഷോഭ പരമ്പര പ്രഖ്യാപിച്ച് കോൺഗ്രസ്. മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ ബ്ലോക്ക്- മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യഗ്രഹവും ഏപ്രിൽ 15 മുതൽ 20 വരെ ജില്ലാതല ജയ്ഭാരത് സത്യഗ്രഹവും സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

ഏപ്രിൽ 5 ന് കോലാറിൽ വൻ പ്രതിഷേധപരിപാടിക്കാണ് കോൺഗ്രസ് വേദിയൊരുക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ രാഹുൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം രാഷ്ട്രീയ ആയുധമാക്കിയാണ് എതിരാളികള്‍ അസാധാരണ നടപടികളിലൂടെ അയോഗ്യതയിലേക്ക് വരെ എത്തിച്ചത്. 2019-ൽ കോലാറിൽ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കോലാറിലെ പ്രതിഷേധ പരിപാടിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

അദാനി, രാഹുൽ ഗാന്ധി അയോഗ്യത വിഷയങ്ങളിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര് ഉണ്ടായി. സ്പീക്കറുടെ മുഖത്തേക്ക് പ്രതിപക്ഷ എംപിമാർ പേപ്പർ കീറിയെറിഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ ഇന്നും സഭയിൽ എത്തിയത്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു. ജെപിസി അന്വേഷണമെന്ന ആവശ്യമുയർത്തിയാണ് രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം ശക്തമായ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിന് കേന്ദ്രം നീക്കം തുടങ്ങി. പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്നും രക്ഷ തേടാനാണ് നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അതിനിടെ ഔദ്യോഗിക വസതി ഒഴിയാൻ തയാറാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വസതി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് താൻ വസതി ഒഴിയാൻ തയാറാണെന്ന് കാണിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സെക്രട്ടറിക്ക് രാഹുല്‍ ഗാന്ധി കത്ത് അയച്ചത്.