ചരിത്രമെഴുതാന്‍ റായ്പുർ; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം

Thursday, February 23, 2023

 

റായ്പുർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ ഛത്തീസ്ഗഢിലെ റായ്പൂരിൽ ആരംഭിക്കുന്ന മഹാസമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പ്ലീനറി സമ്മേളനം. രാജ്യത്തെ ജനകീയ വിഷയങ്ങള്‍ ആഴത്തില്‍ ചർച്ച ചെയ്യുന്ന സമ്മേളനം പാർട്ടി നയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രൂപീകരിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണമായ ‘ഹാഥ് സെ ഹാഥ് ജോഡോ’ ആണ് സമ്മേളനത്തിന്‍റെ മുദ്രാവാക്യം.

ബിജെപി ഭരണത്തിൽ രാജ്യത്ത് പിടിമുറുക്കുന്ന ഫാസിസത്തിനെതിരെ ജനകീയ ഐക്യത്തിന് സമ്മേളനം കരുത്ത് പകരും. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന നിർദേശങ്ങളും പദ്ധതികളും പ്ലീനറി സമ്മേളനം മുന്നോട്ടുവെക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നിലുള്ള വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള മാർഗരേഖയും തയാറാക്കും.

നയാ റായ്പൂരിലെ രാജ്യോത്സവ് ഗ്രൗണ്ടിൽ 250 ഓളം നേതാക്കളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ വേദിയാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി അടുത്ത രണ്ട് ദിവസത്തെ അജണ്ടയ്ക്ക് അന്തിമരൂപം നൽകും.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കേരള സംഘം റായ്പൂരിലെത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റായ്പൂരിലെത്തിയത്. രാജ്യത്ത് പ്രതിപക്ഷ ഐക്യമെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രത്യാശ കേരള സംഘം പ്രകടിപ്പിച്ചു.