കോൺഗ്രസ് തകരില്ല ; പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട് : ജയ്റാം രമേഷ്

Jaihind Webdesk
Monday, June 14, 2021

ന്യൂഡല്‍ഹി : ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ആയിരുന്നു  അദ്ദേഹത്തിന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും, ആദര്‍ശങ്ങളെക്കുറിച്ചും ജനങ്ങളെ കൂടുതല്‍ അറിയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എന്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കണം. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒരു ബാങ്കില്‍ ചേരുന്നത് പോലെയല്ല ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അതിന്‍റെ പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവുമൊക്കെ കൊണ്ടല്ലേ. എന്നെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി എന്നത് ഒരു തൊഴില്‍ അല്ല. ഒരു പ്രതിബദ്ധതയുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ അത് ചെയ്യുന്നത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്നും ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലാണ് എന്നുപറയുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.